2012, ജൂലൈ 18, ബുധനാഴ്‌ച

എന്റെ നിറമുള്ള സ്വപ്‌നങ്ങള്‍


നീ മഴവില്ല് കണ്ടിട്ടുണ്ടോ,മഴ പെയ്ത് തെളിഞ്ഞ ആകാശത്ത് ഏഴുനിറങ്ങളിലങ്ങനെ...കുറച്ച് നിമി‍ഷങ്ങള്‍ അത്രേള്ളൂ അത് കഴിഞ്ഞാല്‍ ആകാശത്തിന്റെ നരച്ച വെളുപ്പിനെ തനിച്ചാക്കി അത് മാഞ്ഞ് പോകും.എങ്കിലും എനിക്കൊരുപാടിഷ്ടമായിരുന്നു മഴവില്ലിനെ. അല്ലെങ്കിലും എനിക്കിഷ്ടമുള്ളതെല്ലാം അങ്ങനെയായിരുന്നു. ഒരു നിമിഷം പോലുമായുസ്സില്ലാത്ത സോപ്പുകുമിളകള്‍, വീണ് ചിതറാനായി മാത്രം ഭൂമിയിലേക്ക് വരുന്ന മഴത്തുള്ളികള്‍....ആ കൂട്ടത്തിലേക്ക് ചേര്‍ത്ത് വക്കാന്‍ ദൈവം എനിക്ക് തന്ന സമ്മാനമായിരുന്നു ആ രണ്ട് വര്‍ഷങ്ങള്‍ അത് മാത്രമാണ് ജീവിക്കാന്‍ ഇന്നും എന്നെ പ്രേരിപ്പിക്കുന്നത്...എവിടെ നിന്ന് പറ‍ഞ്ഞ് തുടങ്ങണമെന്നെനിക്കറിയില്ല. തുടക്കത്തിനും അവസാനത്തിനുമിടയില്‍ ഒരു വരി പോലും തെറ്റാതെ ശ്വാസമടക്കി എഴുത്ത്തീര്‍ക്കേണ്ട പരീക്ഷയല്ല ജീവിതമെന്ന് എനിക്ക് പറ‍ഞ്ഞ്തന്നത് ആ വര്‍ഷങ്ങളാണ്. അത്കൊണ്ട് അതിനെക്കുറിച്ച് പറയുമ്പോള്‍ തുടക്കവും അവസാനവും വേണണമെന്ന് നീ വാശിപിടിക്കരുത്........എന്തിനാണ് ഞാന്‍ ഇത് നിന്നോട് പറയുന്നത് എന്നോര്‍ക്കുകയാണോ .....
മരുഭൂമിയില്‍ ഒറ്റപ്പെടുന്നവര്‍ക്ക് മഴയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ കിട്ടുന്ന ഒരൂ തണുപ്പ്....അത്ര മാത്രം.
......................................................................................................................................................................
                                                                 ആമുഖം
എനിക്ക് എന്റെ ഹൃദയമിടിപ്പ് കേള്‍ക്കാമായിരുന്നു.ലോകത്തില്‍ മറ്റൊന്നും അപ്പോള്‍ ചലിച്ചിരുന്നില്ല. കാരണം അയാള്‍ എനിക്ക് മുന്നിലുണ്ടായിരുന്നു.ആ കണ്ണുകളില്‍ എനിക്കെന്നെ കാണാമായിരുന്നു.ഒരു നിമി‍ഷം...അത്ര മാത്രം.ഉണരുമ്പോള്‍ എനിക്ക് മുന്നില്‍ ആ കണ്ണുകള്‍ ഉണ്ടായിരുന്നില്ല.ഒരു നിമി‍‍‍ഷത്തേ-
ക്കെങ്കിലും അവ തന്ന വെളിച്ചം ഉണ്ടായിരുന്നില്ല, മുന്നില്‍ ഇരുട്ട് മാത്രമായിരുന്നു.
കണ്ണടച്ച് വീണ്ടും ആ സ്വപ്നത്തെ നെയ്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍.ചിതറിപ്പോയ ആ സ്വപ്നത്തെ ചേര്‍ത്ത് വക്കാന്‍ എനിക്കായില്ലെങ്കിലും മനസില്‍ ഒരു പുഞ്ചിരി വിടരുന്നത് ഞാനറിഞ്ഞു. ജീവിതത്തില്‍ ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും മനോഹരമായ സ്വപ്നമായിരുന്നു അത്.